ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരവേട്ട തുടര്‍ന്ന് സൈന്യം.മൂന്ന് ഭീകരരെ വധിച്ചു. ഇന്ന് വെളുപ്പിന് ഷോപ്പിയാന്‍ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന റെയ്ഡിനിടെയാണ് ഭീകരരെ വധിച്ചത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അല്‍-ബാദര്‍ എന്ന ഭീകരസംഘടനയുടെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. സജാദ് അഹമ്മദ് മല്ല, വസീം അഹമ്മദ് മാഗ്രേ, ജുനൈദ് റഷീദ് വാനി എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. സി.ആര്.പി.എഫും കശ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരര്‍ക്കെതിരെ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഷോപ്പിയാന്‍ ജില്ലയിലെ സുഗാനിലാണ് ഭീകരര്‍ സൈന്യവുമായി ഏറ്റുമുട്ടിയത്. റെയ്ഡിനിടെ ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതോടെയാണ് സൈന്യം തിരിച്ചടിച്ചത്.
കനത്ത ഇരുട്ടുകാരണം ഒരു ഘട്ടത്തില്‍ റെയ്ഡ് നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് രക്ഷപെടാന്‍ ഭീകരര്‍ ശ്രമം നടത്തിയതായും സേന പറഞ്ഞു. മൂന്ന് ഭീകരരുടെ മൃതദേഹവും സൈന്യം പുറത്തെത്തിച്ചു. ഭീകരരുടെ അടുത്ത ബന്ധുക്കളെ കണ്ടെത്തിയ ശേഷം കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം അടക്കം ചെയ്യുമെന്നും സൈന്യം അറിയിച്ചു.
Comments