ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃത്യമായ വില നല്കി കാര്‍ഷിക വിളകളുടെ സംഭരണം നടത്താന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ 75ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി 75 രൂപയുടെ ഒരു നാണയവും പ്രധാനമന്ത്രി പുറത്തിറക്കി.
‘ അടിസ്ഥാന വില നല്കി കാര്‍ഷിക വിളകള്‍ സംഭരിക്കേണ്ടത് രാജ്യത്തെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പ്രധാനമാണ്. കൂടുതല്‍ സൗകര്യങ്ങളോടും, ശാസ്ത്രീയമായ രീതിയിലും ഇത് തുടര്‍ന്ന് ചെയ്യേണ്ടതാണ്. രാജ്യത്തെ സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണ്. കൃഷിക്കാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അടിസ്ഥാന വിലയെക്കാള്‍ ഒന്നര ഇരട്ടി വില കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നതിനായി കര്‍ഷക ഉത്പാദന സംഘടനകളുടെ ഒരു വലിയ ശൃംഖല വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും’അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ആറ് മാസമായി കേന്ദ്രസര്‍ക്കാര്‍ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റികളില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേപോലെ രാജ്യത്ത് പോഷകക്കുറവിനെതിരായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന പ്രവര്‍ത്തകര്‍ അംഗന്‍വാടി-ആശ പ്രവര്‍ത്തകരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറ്റവും അടിത്തട്ടിലുള്ളവരിലേക്കും കൃത്യമായ സേവനം എത്തിക്കാന്‍ ഇവര്‍ പ്രയത്നിക്കുകയാണ്. കൊറോണയുടെ പ്രതിസന്ധിയിലും ഇന്ത്യ പോഷകക്കുറവിനെതിരായ ശക്തമായ പോരാട്ടത്തിലാണ്. പോഷകാഹാര പ്രചാരണത്തിന്റെ ഭാഗമായി ഗോതമ്പ്, നെല്ല് എന്നിവയുടെ 17 തരം പുതിയ വിത്തുകള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നും’ പ്രധാനമന്ത്രി പറഞ്ഞു.
Comments