യു.എ.ഇ – ഇസ്രയേൽ സാംസ്കാരിക വിനോദ രംഗങ്ങളിലെ ബന്ധം ഊഷ്മളമാക്കി ഇസ്രയേലിൽ നടക്കുന്ന കാർമൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കാണ് റെക്കഗനിഷൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്രയേൽ ദിനപത്രത്തിലടക്കം വലിയ പ്രാധാന്യത്തോടെയാണ് യു.എ.ഇയിൽ നിന്നുള്ള ചിത്രമെന്ന നിലക്ക് ഇതേക്കുറിച്ചുള്ള വാർത്തകൾ വന്നത്. സാംസ്കാരിക രംഗത്തെ സഹകരണം ശക്തമാക്കുന്നതാണ് ഇതെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
പൂർണമായും യു.എ.ഇയിൽ ചിത്രീകരിച്ച 23 മിനുട്ട് ദൈർഘ്യമുള്ള ചിത്രം ഇതിനകം ലോകത്തിന്റെ പല ഭാഗങ്ങളിൽ നടന്ന മേളകളിൽ പ്രദർശിപ്പിക്കുകയും മികച്ച സംവിധാനത്തിനും എഴുത്തിനുമടക്കമുള്ള 14 ഓളം പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഇരുപതോളം മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.
20 വർഷമായി യു.എ.ഇയിൽ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ പിണറായി സ്വദേശി ഷഹീർ ഷാ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകൻ പറഞ്ഞു.അബുദാബിയിലെ നാടകവേദികളിലെ സജീവതാരമായ എറണാകുളം സ്വദേശി രാജേഷ് മേനോനാണ് റെക്കഗനിഷനിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഇതിനകം മികച്ച അഭിനേതാവിനുള്ള പുരസ്കാരവും ഇതിലൂടെ രാജേഷിനെ തേടിയെത്തിയിട്ടുണ്ട്.
Comments