ന്യൂഡൽഹി : ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയ്യാറെടുക്കാൻ ആവശ്യപ്പെട്ട പ്രസിഡന്റ് ഷി ജിൻ പിംഗിന് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുദ്ധത്തിനായി ഇന്ത്യൻ സൈന്യവും സർവ്വ സജ്ജമാണെന്ന് അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷാ ചൈനീസ് പ്രസിഡന്റിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഇന്ത്യൻ മണ്ണിൽ നിന്നും ഒരു തരി പോലും ചൈനയ്ക്ക് വിട്ടു നൽകുമെന്ന് കരുതരുത്. എല്ലാ രാജ്യങ്ങളും എപ്പോഴും യുദ്ധത്തിന് തയ്യാറായിരിക്കും. ഇതിനായാണ് രാജ്യങ്ങൾ സൈന്യത്തെ നിലനിർത്തുന്നത്. പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി ലഭിക്കും. മറ്റാരുടെയെങ്കിലും അഭിപ്രായത്തെ പരാമർശിച്ചു കൊണ്ടു പറയുന്നതല്ല. എന്തും നേരിടാൻ ഇന്ത്യൻ സൈന്യം എപ്പോഴും സർവ്വ സജ്ജമാണെന്നും അമിത് ഷാ പറഞ്ഞു.
അതിർത്തിയിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കുക ഉചിതമായി തോന്നുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ വീണ്ടും ആവർത്തിക്കുന്നു. രാജ്യത്തെ ഞങ്ങൾ സംരക്ഷിക്കും. രാജ്യത്തെ ഒരു ഇഞ്ച് മണ്ണുപോലും ആർക്കും കൈക്കലാക്കാൻ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments