തിരുവനന്തപുരം: കുളത്തൂർ ഗവൺമെന്റ് സ്കൂളിലെ ഓപ്പൺ എയർ ഓഡിറ്റോറിയ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിൽ പരാതി നൽകി ബിജെപി. ഓഡിറ്റോറിയ നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നതിനിടെയാണ് ബിജെപി വിജിലൻസിൽ പരാതി നൽകിയത്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വന്തം മണ്ഡലത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് ഓഡിറ്റോറിയമാണ് വിവാദത്തിലായത്. 1200 സ്ക്വയർ ഫീറ്റിൽ ഓപ്പൺ ഓഡിറ്റോറിയവും രണ്ടു ഗ്രീൻ റൂമുകളും ശുചിമുറിയും അടക്കമുള്ള കെട്ടിടത്തിന് 35 ലക്ഷം രൂപ ചെലവായതായാണ് കാണിച്ചിരിക്കുന്നത്. ഓപ്പൺ സ്റ്റേജിന്റെ മേൽക്കുര ഷീറ്റ് പാകിയതാണ്. നിലത്ത് സിമന്റാണ് ഇട്ടിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകൾക്ക് 5 ലക്ഷം രൂപ മാത്രമാകുമ്പോൾ ഓഡിറ്റോറിയം നിർമ്മാണത്തിൽ നടന്നത് വൻ അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷണത്തിലൂടെ പുറത്തു വരട്ടെയെന്ന് കടകം പള്ളിയുടെ നിലപാട്. അതേസമയം പത്ത് നിലയ്ക്കുള്ള ബേസ്മെന്റ് ഇട്ടതിനാലാണ് ഇത്രയും തുക ചെലവായതെന്നാണ് കരാറുകാരന്റെ വിശദീകരണം.
Comments