ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലയുടെ ഔദ്യോഗിക കാലാവധി നീട്ടി നൽകി കേന്ദ്ര സർക്കാർ. 2021 ആഗസ്റ്റ് വരെയാണ് അദ്ദേഹത്തിന് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. അജയ് ബല്ലയുടെ കാലാവധി നീട്ടികൊണ്ടുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.
2019 ആഗസ്റ്റ് മാസത്തിലാണ് അജയ് ബല്ലയെ സർക്കാർ കേന്ദ്ര ആഭ്യന്തര വകുപ്പിലെ ഉന്നത പദവിയായ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്. ആഭ്യന്തര സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവർക്ക് രണ്ട് വർഷമാണ് കാലാവധി. എന്നാൽ നിയമന ഉത്തരവിൽ കാലാവധി രേഖപ്പെടുത്തിയിരുന്നില്ല. നിലവിൽ അടുത്ത മാസം 30 നാണ് അജയ് കുമാർ ബല്ലയുടെ കാലാവധി അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒരു വർഷം കൂടി കാലാവധി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. തീരുമാനത്തിന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതിയുടെ അംഗീകാരവും ലഭിച്ചിരുന്നു.
കാലാവധി ഒരു വർഷം കൂട്ടി നീട്ടി നൽകിയതോടെ രണ്ട് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിയും. പുതിയ തീരുമാന പ്രകാരം ആഗസ്റ്റ് 22 നാണ് ബല്ലയുടെ കാലാവധി അവസാനിക്കുന്നത്. നിലവിലെ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗുബയ്ക്കും നിശ്ചിത കാലാവധി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നില്ല.
Comments