ന്യൂഡൽഹി : ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ മലയാളിയും സഭാ വൈദികനുമായ ഫാ. സ്റ്റാൻ സാമിയുടെ കമ്മ്യൂണിസ്റ്റ് ഭീകര ബന്ധം വ്യക്തമാക്കുന്ന തെളിവ് സമർപ്പിച്ച് എൻഐഎ. കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയിലെ പ്രവർത്തകന് സ്റ്റാൻ സാമി എഴുതിയ കത്താണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. സ്റ്റാൻ സാമിയുടെ അറസ്റ്റിന് പിന്നാലെയാണ് എൻഐഎ തെളിവുകൾ ഹാജരാക്കിയിരിക്കുന്നത്.
സംഭവത്തിൽ സ്റ്റാൻ സാമിക്കെതിരെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് കമ്മ്യൂണിസ്റ്റ് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തത വരുത്തുന്ന കത്തും ഹാജരാക്കിയത്. കമ്മ്യൂണിസ്റ്റ് ഭീകരനായ സുഹൃത്തിന് സ്റ്റാൻ സാമി എഴുതിയ കത്താണ് എൻഐഎ തെളിവായി സമർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ കേസിൽ കുറ്റക്കാരനായ റോണ വിൽസന് സ്റ്റാൻ സാമി അയച്ച കത്തും എൻഐഎ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കത്തിൽ സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ട മുതിർന്ന നേതാക്കൾക്ക് അയക്കുന്ന എഴുത്തുകൾ ചോരുന്നതിൽ സാമി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ ഫോറൻസിക് ഡാറ്റകൾ വീണ്ടെടുക്കുന്ന കാര്യത്തിൽ സംഘടനയിലെ അംഗങ്ങൾക്ക് ഉള്ള പരിമിതി നികത്തിയെടുക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നുണ്ട്.
സ്റ്റാൻ സാമിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇദ്ദേഹത്തിന്റെ കമ്പ്യൂട്ടർ പരിശോധിച്ചതിൽ നിന്നാണ് സ്റ്റാൻ സാമിക്ക് കമ്മ്യൂണിസ്റ്റ് ഭീകരരുമായുള്ള ബന്ധം തെളിയിക്കുന്ന കത്ത് എൻഐഎ സംഘത്തിന് ലഭിച്ചത്. ഭീമാ കൊറേഗാവ് കേസിൽ ഒക്ടോബർ ഒൻപതിനാണ് സ്റ്റാൻ സാമിയെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.
Comments