ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തെ കണ്ടെത്തി എന്‍ഐഎ. ഇതിന്റെ ഭാഗമായി ബംഗളൂരുവില്‍ ദന്തഡോക്ടറായും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സ്പെഷ്യലിസ്റ്റായും ജോലി ചെയ്തിരുന്ന രണ്ട് പേര്‍ക്കെതിരെ എന്‍ഐഎ കേസെടുത്തു.
29കാരനായ മുഹമ്മദ് തൗഖിര്‍ മഹ്മൂദ്, 28കാരനായ സുഹാബ് ഹമീദ് എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് എന്‍ഐഎ കേസെടുത്തത്. 2013-14ല്‍ 7 മുസ്ലീം യുവാക്കളെ ഐഎസില്‍ ചേരാനായി ബംഗളൂരുവില്‍ നിന്നും സിറിയയിലേയ്ക്ക് അയച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ സൂത്രധാരന്മാര് ഇവര്‍ രണ്ടു പേരാണെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ബംഗളൂരുവില്‍ താമസിച്ചിരുന്ന ഇരുവരും ഇപ്പോള്‍ സൗദി അറേബ്യയിലാണെന്നാണ് വിവരം.
സുഹൈബും താഖിറും സൗദി അറേബ്യയിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നും ഇവരോടൊപ്പം പഠിച്ച ഒരാള്‍ വഴിയാണ് ഇരുവരും ഐഎസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതെന്നും എന്‍ഐഎ കണ്ടെത്തി. ബംഗളൂരുവില്‍ അറസ്റ്റിലായ ഒഫ്താല്‍മോളജിസ്റ്റ് അബ്ദുര്‍ റഹ്മാന്റെ പക്കല്‍ നിന്നാണ് സുഹൈബിനെയും താഖിറിനെയും കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. താഖിറിന്റെയും സുഹൈബിന്റെയും സഹായത്തോടെ അബ്ദുര്‍ റഹ്മാന് 2013-14 കാലത്ത് സിറിയയില്‍ പോയിരുന്നു.
Comments