റിയാദ് : മലയാളം മിഷൻ സൗദി ചാപ്റ്ററിലെ ജിദ്ദ മേഖല കമ്മിറ്റി പ്രവേശനോത്സവം സംഘടിപ്പിച്ചു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങ് സാംസ്കാരിക-നിയമ മന്ത്രിയും മലയാളം മിഷൻ ഉപാധ്യക്ഷനുമായ എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ നാനാ കോണുകളിലേക്കും മാതൃഭാഷാ പഠനവും സാംസ്കാരിക പ്രവർത്തനങ്ങളും വ്യാപിപ്പിക്കുന്നതിൽ മലയാളം മിഷൻ അദ്ഭുതകരമായ നേട്ടമാണ് കൈവരിച്ചത്. 41 രാജ്യങ്ങളിലും 24 ഇന്ത്യൻ സംസ്ഥാനങ്ങളിലുമായി 45000 ത്തിൽ അധികം പ്രവാസി മലയാളി വിദ്യാർത്ഥികൾ മാതൃഭാഷാ പഠനം നടത്തുന്നുവെന്നും മന്ത്രി എ.കെ.ബാലൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രവേശനോത്സവത്തിൽ മലയാളം മിഷൻ ഡയറക്ടറും എഴുത്ത്കാരിയുമായ പ്രൊഫ.സുജ സൂസൻ ജോർജ്ജ് മുഖ്യാതിഥിയായിരുന്നു. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. മലയാളം മിഷൻ ചാപ്റ്റർ കൺവീനർ ഷിബു തിരുവനന്തപുരം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വി.കെ.റഊഫ്, മുസാഫിർ, ജലീൽ കണ്ണമംഗലം, താഹ കൊല്ലേത്ത്, എം.എം.നയീം, ഡോ.മുബാറക്ക് സാനി, വി.പി.മുഹമ്മദലി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മലയാളം മിഷൻ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറി.
Comments