ദോഹ. തൊഴിലിടം വിട്ട് ഓടിപ്പോകുന്ന തൊഴിലാളികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഖത്തര്‍ തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം നിര്‍ത്തലാക്കുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് മന്ത്രാലയത്തിലെ തൊഴിലാളികാര്യ വിഭാഗം അസി.അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന് അല്‍ ഒബയ്ദലി പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തൊഴില്‍ മന്ത്രാലയവും കനേഡിയന്‍ എംബസിയും സംയുക്തമായി നടത്തിയ വെബിനാറിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഒളിച്ചോടുന്ന തൊഴിലാളികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം റദ്ദാക്കുന്നത്.
ഗാര്‍ഹികതൊഴിലാളികളാണ് ഒളിച്ചോടുന്നവരിലേറെയും. തൊഴിലുടമയുടെ മോശം സമീപനം, കുറഞ്ഞവേതനം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ഗാര്‍ഹികതൊഴിലാളികളുടെ ഒളിച്ചോട്ടത്തിനിടയാക്കുന്നുണ്ട്. നിലവിലുള്ള സംവിധാനം റദ്ദാക്കുന്നതോടെ തൊഴിലാളി ഒളിച്ചോടിയതായി തൊഴിലുടമയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാനാവില്ല. പകരം തൊഴിലാളിയുടെ പേരില്‍ ഭാവിയില്‍ വരാനിടയുള്ള ബാധ്യതകള്‍ ഒഴിവാക്കുന്നതിനുള്ള വിവരങ്ങള്‍ മാത്രം അധികൃതരെ അറിയിച്ചാല്‍ മതിയാകും. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിയെക്കുറിച്ച് മന്ത്രാലയം അന്വേഷണം നടത്തി നിയമപ്രകാരമുള്ള പ്രശ്നപരിഹാരം സാധ്യമാക്കും. തൊഴിലിടം വിട്ടുപോകുന്ന തൊഴിലാളിക്ക് സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അര്‍ഹതയുണ്ടാവും.
തൊഴില്‍പരമായ പരാതിയും തൊഴില്‍മാറ്റത്തിനുള്ള അപേക്ഷയും ഒളിച്ചോടിയ തൊഴിലാളിക്ക് അധികൃതര്‍ മുമ്പാകെ നല്‍കാം. നിലവിലുള്ള സംവിധാനപ്രകാരം തൊഴിലുടമ തൊഴിലാളി ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്താല്‍ തൊഴില്‍മാറ്റ അപേക്ഷ നല്കാന് കഴിയില്ല. തൊഴിലാളികള്‍ മെച്ചപ്പെട്ട ജോലിയിലേക്ക് മാറുന്നതു തടയാന്‍, തൊഴിലാളി ലേബര്‍ ക്യാംപില്‍ തുടരുമ്പോള്‍ തന്നെ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുണ്ട്. വേതനസംരക്ഷണ വ്യവസ്ഥ ലംഘിക്കുന്ന കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും എതിരെ കര്‍ശന നടപടി എടുക്കുമെന്നും ഒബയ്ദലി വ്യക്തമാക്കി.
Comments