ദോഹ* ഉച്ചച്ചൂടില്‍ ഉഷ്ണിച്ചുരുകുന്ന ഖത്തറിലെ തൊഴിലാളികള്‍ക്ക് ആശ്വാസമേകാന്‍ ഉച്ച വിശ്രമ സമയം ദീര്‍ഘിപ്പിക്കുന്നു. ഇതു സംബന്ധിച്ച തൊഴില്‍മന്ത്രാലയ നിര്‍ദേശത്തിന് അമീരിദീവാനില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസിസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ഇന്നലെച്ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. തുറസായ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് ഇനി ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചവിശ്രമം ലഭ്യമാകും. നിലവില്‍ ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയായിരുന്നു ഉച്ചവിശ്രമ കാലാവധി ഒരു മാസം നീട്ടിയതിനു പുറമേ വിശ്രമസമയവും ഒന്നര മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നു വരെയാണ് പുതുക്കിയ വിശ്രമ സമയം. നിലവില്‍ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്കു മൂന്നു വരെ ആയിരുന്നു വിശ്രമം. ഉച്ചവിശ്രമം മൂലം നഷ്ടമാകുന്ന ജോലിസമയം അതിരാവിലേ പണി തുടങ്ങിയും വൈകിട്ട് സമയം നീട്ടിയുമാണ് പരിഹരിക്കുന്നത്. തൊഴിലാളികള്‍ക്ക് സൂര്യാഘാതമേല്‍ക്കുന്നതു തടയുന്നതിനാണ് ഉച്ചവിശ്രമ നിയമം ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കുന്നത്. ഉത്തരവു ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ഒരുമാസത്തേക്ക് അടച്ചുപൂട്ടാന്‍ ഖത്തറില്‍ വ്യവസ്ഥയുണ്ട്.
Comments