ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തിന് പിന്നാലെ പായുന്ന പാകിസ്താന് കനത്ത തിരിച്ചടി. കശ്മീരിന്റെ പേരില്‍ കരിദിനം ആചരിക്കാനുള്ള പാകിസ്താന്റെ നീക്കത്തിന് സൗദി അറേബ്യ അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെ എഫ്എടിഎഫില്‍ സൗദി പാകിസ്താനെതിരെ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ഇന്ത്യയ്ക്കെതിരെ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ആഗോള ശ്രദ്ധ പിടിച്ചുപറ്റാനുള്ള പാകിസ്താന്റെ മുഖത്തേറ്റ അടിയാണ് സൗദിയുടെ തീരുമാനം. റിയാദിലും ജിദ്ദയിലും ഈ മാസം 27ന് കരിദിനം ആചരിക്കാനാണ് പാകിസ്താന് സൗദിയുടെ അനുമതി തേടിയത്. നയാ ദൗര് എന്ന പാക് മാദ്ധ്യമത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ മുര്‍താസ സോളംഗിയുടെ ട്വീറ്റിലാണ് സൗദി അനുമതി നിഷേധിച്ചതായി പറയുന്നത്.
കഴിഞ്ഞ ദിവസം ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാനുള്ള പാകിസ്താന്റെ നീക്കം പരാജയപ്പെട്ടിരുന്നു. എഫ്എടിഎഫില്‍ സൗദി പാകിസ്താനെതിരെ വോട്ട് ചെയ്തെന്നാണ് വിവിധ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തത്. സൗദിയെ വഞ്ചകനെന്ന് വിശേഷിപ്പിച്ച് പാകിസ്താനില്‍ പ്രതിഷേധവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2018 ജൂണിലാണ് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അടുത്ത വര്‍ഷം ഫെബ്രുവരി വരെ പാകിസ്താന് ഗ്രേ ലിസ്റ്റില്‍ തുടരും.
Comments