ദോഹ: രാജ്യാന്തരതലത്തില്‍ ഫെയ്സ്ബുക്കില്‍ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വിമാനക്കമ്പനി എന്ന ബഹുമതി ഇനി ഖത്തർ എയർവേസിന്. രണ്ടു കോടിയിലേറെ ആണ് ഖത്തർ എയർവേസിന്റെ ഫെയ്സ്ബുക്ക് ഫോളോവേഴ്സ്. 2012 മുതലാണ് ഖത്തർ എയർവേസ് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിത്തുടങ്ങിയത്. ഫെയ്സ്ബുക്കിനു പുറമേ ഇൻസ്റ്റഗ്രാം, ട്വിറ്റർ, ലിങ്ക്ഡിൻ തുടങ്ങിയവയില്‍ എല്ലാംകൂടി 26 കോടിയിലധികം ഫോളോവേഴ്സ് തങ്ങള്‍ക്കുണ്ടെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി.
2014 അവസാനം ഫെയ്സ്ബുക്കില്‍ 80 ലക്ഷം ഫോളോവേഴ്സ് ആയിരുന്നു. 2017 ജൂണില്‍ ഖത്തറിനെതിരേ മൂന്ന് അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിനിടയിലും രാജ്യാന്തര യാത്രക്കാരുമായി മികച്ച ബന്ധം നിലനിർത്താനായതില്‍ ഫെയ്സ്ബുക്ക് അക്കൗണ്ട് ഏറെ സഹായകമായെന്നും ഖത്തർ എയർവേസ് വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ വൈദ്യശാസ്ത്ര മേഖലയില്‍ ഉള്ളവർക്ക് ഒരു ലക്ഷം സൗജന്യ ടിക്കറ്റുകൾ, എ 350ന്റെ 1,000 ഡെലിവറി ക്യാംപെയിൻ, 2018 ഫിഫ റഷ്യ ലോകകപ്പ് സർവീസുകൾ, കോവിഡ് വ്യാപനത്തിനിടയിലും മികച്ച സുരക്ഷാ സംവിധാനങ്ങളുമായി നടത്തിയ സർവീസുകൾ എന്നിവയെല്ലാം ഖത്തർ എയർവേസിന്റെ ജനപ്രീതി വര്‍ധിപ്പിച്ചതായി സീനിയർ വൈസ് പ്രസിഡന്റ് സലാം അൽ ഷാവ പറഞ്ഞു.
Comments