ദോഹ: ശൈത്യകാല പകർച്ചപ്പനിക്കെതിരെ ജനങ്ങള്‍ പ്രതിരോധ കുത്തിവെയ്പെടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ വർഷം എല്ലാവരും വാക്സിന് എടുക്കേണ്ടതു നിർണായകമാണെന്ന് ആരോഗ്യ സുരക്ഷാ വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത് പറഞ്ഞു. ആരോഗ്യമുള്ളവരും പ്രതിരോധ കുത്തിവെയ്പ് എടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിരോധ കുത്തിവെയ്പ് ബോധവല്‍കരണത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ നല്കിയ വീഡിയോയിലാണ് അവര്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
അപകടകരമായ ഒട്ടേറെ വൈറസുകള്‍ക്കെതിരെ ഫ്ലൂ വാക്സിന് സംരക്ഷണം നൽകും. അത് കോവിഡ് കാലത്ത് അനാവശ്യ ആശുപത്രി വാസം ഒഴിവാക്കാൻ സഹായകമാകും. പ്രതിരോധശേഷി കുറഞ്ഞവരില്‍ പകർച്ചപ്പനി സങ്കീർണമാകാതെ സഹായിക്കും.
ആരോഗ്യമന്ത്രാലയവും പ്രാഥമികാരോഗ്യ കോർപറേഷനും(പിഎച്ച്സിസി) ഹമദ് മെഡിക്കൽ കോർപറേഷനും(എച്ച്എംസി) സംയുക്തമായാണ് ബോധവല്കരണം നടത്തുന്നത്. പ്രതിരോധ കുത്തിവെപ്പ് സൗജന്യമാണ്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എച്ച്എംസി ക്ലിനിക്കുകളിലും അംഗീകൃത സ്വകാര്യ ആശുപത്രികളിലും 2021 മാര്‍ച്ച് വരെ കുത്തിവെയ്പ് ലഭ്യമാണ്. പ്രായമാവയവർ, അഞ്ച് വയസ്സില്‍ കുറഞ്ഞ കുട്ടികള്‍, ഗർഭിണികൾ, രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങി സങ്കീർണ വിഭാഗത്തിൽപ്പെട്ട
അഞ്ച് ലക്ഷം പേര്‍ക്കെങ്കിലും കുത്തിവെയ്പു നല്‍കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾ www.fighttheflu.qa എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Comments