പാലക്കാട്: സ്വന്തം പണം മുടക്കി വാർഡിലെ ജനങ്ങൾക്കായി
ബിജെപി പഞ്ചായത്ത് അംഗം നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്ത് കെ. സുരേന്ദ്രൻ. പാലക്കാട് ജില്ലയിലെ വാണിയംകുളം ചോറോട്ടൂർ – വെളളാർക്കാട്ടു കോളനി റോഡ് ആണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാട്ടുകാർക്ക് സമർപ്പിച്ചത്.
പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന പ്രതിമാസ വേതനം നീക്കിവെച്ചാണ് വാണിയംകുളം പഞ്ചായത്തിലെ വാർഡ് മെമ്പറും ബി ജെ പി പ്രവർത്തകനുമായ കെപി പ്രജീഷും കൂട്ടുകാരും ഈ റോഡ് നിർമ്മിച്ചത്. കോൺക്രീറ്റ് ചെയ്യപ്പെടാതെ കിടന്ന 100 മീറ്റർ ഭാഗത്ത് പൂട്ടുകട്ടകൾ നിരത്തി സഞ്ചാര യോഗ്യമാക്കുകയായിരുന്നു.
പഞ്ചായത്ത് തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 2.86 ലക്ഷം രൂപയായിരുന്നു റോഡ് നിർമ്മാണത്തിന്റെ ചെലവ്. എന്നാൽ സുഹൃത്തുക്കളെ ഒപ്പം കൂട്ടി പൂട്ടുകട്ടകൾ സ്വന്തമായി നിർമ്മിച്ചാണ് പ്രജീഷ് റോഡ് ശരിയാക്കിയത്. ഒഴിവു സമയങ്ങളിലും അവധി ദിനങ്ങളിലുമായിരുന്നു കട്ട നിർമ്മാണം. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങളും ഇവർ സ്വന്തം നിലയിൽ ഒരുക്കുകയായിരുന്നു.
ബിജെപിയുടെ പ്രവർത്തകർ എങ്ങനെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് പ്രജീഷ് എന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ
1347 അംഗങ്ങൾ വിജയിച്ചിരുന്നു. രാഷ്ട്രീയ വേർതിരിവിന്റെ പേരിൽ പാവപ്പെട്ടവർക്കുള്ള അവകാശങ്ങൾ നിഷേധിക്കാൻ ഒരു വാർഡിലും ബി ജെ പി അംഗങ്ങൾ തയ്യാറായിട്ടില്ലെന്നും
അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments