കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിയുടെ കോഴിക്കോട്ടെ വീട് 1.6 കോടി വിലമതിക്കുന്നതെന്ന് നഗരസഭാ അധികൃതർ. കെ എം ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഫോഴ്സ്മെന്റിന് കൈമാറവെയാണ് നഗരാ സഭാ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് നഗരസഭാ ടൗൺ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥനായ എംഎം ജയന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് കൈമാറിയത്.
കെ എം ഷാജിയുടെ വീടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നഗരസഭാ ടൗൺ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥർ എൻഫോഴ്സ്മെന്റിന് റിപ്പോർട്ട് കൈമാറിയത്. കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി വിലമതിക്കുന്നതാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീടിന്റെ ഒന്നാം നിലയുടെ ചില ഭാഗങ്ങളും മൂന്നാം നില മുഴുവനായും അനധികൃതമായി നിർമ്മിച്ചതാണെന്ന് നഗരസഭാ അധികൃതർ കണ്ടെത്തി.
3200 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടിനാണ് ഷാജി അപേക്ഷിച്ചത്. എന്നാൽ നിർമ്മിച്ചത് 5450 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടാണെന്നും നഗരസഭ കണ്ടെത്തിയിട്ടുണ്ട്.
Comments