ദോഹ : കുട്ടികള്‍ മോട്ടോര്‍ ബൈക്ക് ഓടിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഖത്തര്‍ ട്രാഫിക് പൊലീസ്. ദോഹയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ പൊതുഗതാഗത ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഷഹ്വാനിയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ചു നാളായി ഡ്രൈവിങ് ലൈസന്‍സില്ലാത്ത കുട്ടികള്‍ വാടകയ്ക്കെടുത്ത മോട്ടോര്‍ ബൈക്കുകള്‍ അപകടകരമായ രീതിയില്‍ റോഡില്‍ ഓടിക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കുട്ടികള്‍ ഒരു തരത്തിലുള്ള മോട്ടോര്‍ വാഹനങ്ങളും ഓടിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. ശൈത്യകാല സീസണ് ആയതോടെ സീലൈന്‍ ബീച്ചിലും സമീപ പ്രദേശങ്ങളിലുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഇവിടുത്തെ മണല്‍ക്കുന്നുകളിലൂടെ ബഗ്ഗി ജീപ്പുകളും ബൈക്കുകളും കുട്ടികള്‍ ഓടിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ക്യാംപിങ് സീസണ് അവസാനിക്കും വരെ അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് നിരീക്ഷണം ശക്തമാക്കുമെന്നും ബ്രിഗേഡിയര്‍ ജനറല്‍ പറഞ്ഞു.
Comments