ദോഹ : ആയ ആയി ഖത്തറില്‍ എത്തിച്ച മാന്‍പവര്‍ ഏജന്‍സി വീട്ടുജോലിക്കു നിയോഗിക്കുകയും ഒടുവില്‍ ശമ്പളമില്ലാതെ രാപ്പകല്‍ പണിയെടുത്തു കടുത്ത ദുരിതത്തിലാവുകയുംചെയ്ത കൊല്ലം സ്വദേശിനിയെ പുനര്‍ജനി ഇടപെട്ട് നാട്ടിലെത്തിച്ചു. കൊല്ലം അയത്തില്‍ സ്വദേശിനി സിന്ധുവാണ് ഏഴുമാസം നീണ്ട ഖത്തറിലെ ദുരിത ജീവിതത്തിനൊടുവില്‍ ഇന്ന് വൈകിട്ട് വീടണഞ്ഞത്.
ഈ വര്‍ഷം മാര്‍ച്ച് 9നാണ് അരീന എന്ന ഏജന്‍സി മുഖേന സിന്ധു ഖത്തറില്‍ എത്തിയത്. ഓട്ടിസം ബാധിച്ച കുട്ടിയെ നോക്കുന്ന ആയയുടെ ജോലി എന്നായിരുന്നു ഏജന്‍സി അറിയിച്ചത്. മാസം 2,000 റിയാല്‍ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. ഖത്തറിലെത്തി ജോലി തുടങ്ങി പത്താം ദിവസം ജോലി അവസാനിച്ചു. കുട്ടിക്കു ട്യൂഷന് നല്കാന് കഴിയുന്ന ടീച്ചറെയാണ് തങ്ങള്‍ക്ക് ആവശ്യമെന്നറിയിച്ച് പ്രതിഫലം നല്‍കാതെ അവര്‍ മറ്റൊരു വീട്ടിലേക്ക് സിന്ധുവിനെ നിയോഗിക്കുകയായിരുന്നു. ആയയുടെ ജോലിക്കെത്തിയ വനിതയെ സ്പോണ്സര് മറ്റൊരു വീട്ടിലെ ഗാര്‍ഹിക ജോലിക്ക് നിയോഗിക്കുന്നതിന് ഖത്തറിലെ നിയമം അനുവദിക്കുന്നില്ല.
രണ്ടാമത്തെ വീട്ടിലെ ജോലിക്കിടെ പനിയും ചുമയും പിടിപെട്ടതോടെ മാന്‍പവര്‍ ഏജന്‍സി വൈദ്യപരിശോധനക്കു ഹാജരാക്കി. കൊറോണ എന്ന സംശയത്തില്‍ ഒരു മാസത്തോളം മരുന്നു കഴിച്ച് ഏജന്‍സി ഓഫിസില്‍ കഴിയേണ്ടി വന്നു. തുടര്‍ന്നു രണ്ടാമത്തെ വീട്ടില്‍ രണ്ടുമാസം ജോലി തുടര്‍ന്നു. എന്നാല്‍ ശമ്പളം ലഭിക്കാതെ ജോലി തുടരാനാവില്ലെന്നറിയിച്ചപ്പോള് 1,200 റിയാല്‍ നല്കി.പിന്നീട് ഒന്നര മാസം കൂടി ജോലിചെയ്തിട്ടും വേതനം ലഭിക്കാത്തതിനാല്‍ മാന്‍പവര്‍ ഏജന്‍സിയില്‍ പരാതിപ്പെട്ടു. അങ്ങനെ 1,300 റിയാല്‍ ശമ്പളം വാഗ്ദാനം ചെയ്ത്ഏജന്സി മൂന്നാമതൊരു വീട്ടിലേക്കു നിയോഗിച്ചു. ഈ വീട്ടില്‍ പുലര്‍ച്ചെ തുടങ്ങുന്ന ജോലി അവസാനിച്ചിരുന്നത് രാത്രി ഒന്നരയ്ക്കു ശേഷമായിരുന്നു. ക്ലീനിങ് ലോഷന്റെ അലര്‍ജി മൂലം കൈകാലുകള്‍ ചൊറിഞ്ഞുപൊട്ടി വ്രണമായി. അതിനാല്‍ നാട്ടിലേക്കു തിരിച്ചയക്കണമെന്നു സ്പോണ്‍സറെ അറിയിച്ചെങ്കിലും താന്‍ 10,000 റിയാല്‍ മുടക്കിയാണ് ജോലിക്കെടുത്തതെന്നും ആ തുക മടക്കി നല്‍കിയാലേ നാട്ടിലേക്ക് അയക്കൂ എന്നുമായിരുന്നു മറുപടി.
ഇങ്ങനെ ദുരിതക്കയത്തില്‍ കഴിയുമ്പോഴാണ് സിന്ധുവിന്റെ മോചനത്തിനായി പുനര്‍ജനി പ്രവര്‍ത്തകരുടെ സഹായം തേടി നാട്ടില്‍ നിന്നുള്ള അഭ്യര്‍ത്ഥന എത്തിയത്. തുടര്‍ന്ന് പുനര്‍ജനി പ്രവര്‍ത്തകര്‍ സ്പോണ്സറുമായി പല തവണ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിന്ധുവിന് നാട്ടിലേക്കു പോകാന്‍ അവസരമൊരുങ്ങിയത്.
സാമ്പത്തിക പ്രയാസങ്ങള്‍ മൂലമാണ് സിന്ധു ഖത്തറിലേക്ക് പോന്നത്. 10 ലക്ഷം രൂപ വായ്പയെടുത്താണ് വീടുവച്ചത്. വായ്പ അടച്ചുതീര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. കടം വീട്ടാനായില്ലെങ്കിലും ഖത്തറിലെ ദുരിതജീവിതം അവസാനിപ്പിച്ച് മടങ്ങാന്‍ വഴിയൊരുക്കിയ പുനര്‍ജനി പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാന്‍ വാക്കുകളില്ലെന്നായിരുന്നു മടക്കയാത്രക്കു തൊട്ടുമുമ്പു സിന്ധുവിന്റെ പ്രതികരണം.
Comments