കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താന്‍ ശ്രമിച്ച പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. മലപ്പുറം നമ്പൂരിപ്പൊട്ടി സ്വദേശി മൂസാന്‍ അയിലകരയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടത്. സംഭവത്തിൽ കസ്റ്റംസ് കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ദുബായിയിൽ നിന്നെത്തിയ വിമാനത്തിലാണ് മൂസാൻ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. സ്വർണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ശരീരത്തിൽ സ്വർണം കണ്ടെത്തിയതോടെ ഇയാളെ പരിശോധനക്കായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നാണ് പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞത്.
ലോറിയില്‍ കയറിയാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പോകുന്നതിനിടെ ഇയാള്‍ സ്വർണം വലിച്ച് എറിഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ ഈ സ്ഥലത്ത് വന്ന് വീണ്ടും സ്വർണം കണ്ടെത്താനായി പരിശോധന നടത്തിയെന്ന് പോലീസ് പറഞ്ഞു. നിലവിൽ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Comments