തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി ബിജെപി. കോര്‍പ്പറേഷനിലെ 38 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. വനിതാ സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
സിപിഎം മത്സരിക്കുന്ന 70 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ തലസ്ഥാന നഗരി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നുകഴിഞ്ഞു. സിപിഎം മത്സരിക്കുന്ന 70 സീറ്റുകളില്‍ നാല്‍പത്തിയാറിലും വനിതകളാണ് സ്ഥാനാര്‍ത്ഥികള്‍. ബിജെപിയും ഇടതുപക്ഷവും തമ്മിലാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രധാന മത്സരം നടക്കുന്നത്. പോസ്റ്റര്‍ പ്രചാരണം പല സ്ഥലങ്ങളിലും ആരംഭിച്ചുകഴിഞ്ഞു. വൈകാതെ വോട്ടര്‍മാരെ നേരില്‍ കണ്ടുളള പ്രചാരണത്തിനും തുടക്കമിടാനുളള ഒരുക്കത്തിലാണ് പാര്‍ട്ടികള്‍.
യുഡിഎഫിന്റെ സ്ഥാനാര്‍ഥിപട്ടികയും വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. തിരുവനന്തപുരം നഗരസഭയില്‍ ഇക്കുറി മേയര്‍ സ്ഥാനം വനിതയ്ക്കായിരിക്കുമെന്നതിനാല് വിജയ സാധ്യതയുള്ള പരമാവധി വനിതാ സ്ഥാനാര്‍ത്ഥികളെ മുന്നിലിറക്കിയിരിക്കുകയാണ് മുന്നണികള്‍. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുക.
Comments