തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുതിച്ചുയരുന്നു. ഇന്ന് 320 രൂപ വർദ്ധിച്ച് പവന് 38,720 രൂപയാണ് വില. ഗ്രാമിന് 4,840 രൂപയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 640 രൂപയാണ് കൂടിയത്. ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ അഞ്ചു ദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
നവംബർ ഒന്ന് രണ്ട് തീയതികളിൽ 37,680 രൂപയ്ക്കായിരുന്നു വ്യാപാരം. രണ്ട് ദിവസം കൊണ്ട് പവന് 400 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ വില 440 രൂപ കുറഞ്ഞിരുന്നു. ഓഗസ്റ്റിൽ പവന് 42,000 രൂപയിലെത്തിയ ശേഷം വിലയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം അടുത്ത ഒരു വർഷത്തിൽ സ്വർണവിലിയിൽ 10- 15 ശതമാനം വരെ വർദ്ധനവ് ഉണ്ടായേക്കാം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആഗോള വിപണിയിലും സ്വർണ വില വർദ്ധിച്ചു. 1,957.70 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും യൂറോപ്യൻ രാജ്യങ്ങളിലെ കൊറോണ വ്യാപനവും സ്വർണവില വർദ്ധനവിനെ സ്വാധീനിച്ചു.
ഇന്ന് ഒരു ഗ്രാം വെള്ളിക്ക് വില 65.40 രൂപയാണ്. എട്ടുഗ്രാമിന് 523 രൂപയും കിലോഗ്രാമിന് 65,400 രൂപയുമാണ് വില.
Comments