ചെന്നൈ : തമിഴ് സിനിമാ താരം വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി അമ്മ ശോഭ രംഗത്ത്. വിജയുടെ അറിവോടെയല്ല പിതാവ് എസ്.എ ചന്ദ്രശേഖർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതെന്നും, അതിനെ തുടർന്ന് വിജയ് പിതാവുമായി അകൽച്ചയിലാണെന്നുമാണ് ശോഭ വെളിപ്പെടുത്തിയിരിക്കുന്നത് .
പാർട്ടിയുടെ ട്രഷറർ വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖറാണെന്നായിരുന്നു റിപ്പോർട്ട് . അതിനു പിന്നാലെയാണ് കൂടുതൽ വിശദീകരണവുമായി ശോഭ രംഗത്തെത്തിയത് .
തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായങ്ങളൊന്നും പറയരുതെന്ന് വിജയ് പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വകവെയ്ക്കാതെയാണ് ചന്ദ്രശേഖർ ഈയൊരു തീരുമാനമെടുത്തത് . അതുകൊണ്ട് തന്നെ തന്റെ ആരാധകരോട് പാർട്ടിയുമായി സഹകരിക്കരുതെന്നും ആവശ്യപ്പെട്ടു. മാത്രമല്ല വിജയ് പിതാവിനോട് സംസാരിക്കാറില്ലെന്നും ശോഭ പറഞ്ഞു.
എസ്.എ.ചന്ദ്രശേഖർ വിജയിയുടെ പേരിൽ സംഘടന രൂപീകരിക്കുന്നതിനായി രേഖകളിൽ തന്റെ ഒപ്പ് ശേഖരിച്ചിരുന്നതായും ശോഭ പറഞ്ഞു. എന്നാൽ അത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനാണെന്ന് അറിഞ്ഞിരുന്നില്ല. എന്നാൽ ഒരാഴ്ച മുമ്പ് ഇതറിഞ്ഞപ്പോൾ മകനറിയാതെ ചെയ്യുന്ന കാര്യങ്ങളിൽ ഒന്നും താൻ പങ്കാളിയാകില്ല എന്ന് അറിയിച്ചിരുന്നു.
ഓൾ ഇന്ത്യ ദളപതി വിജയ് മക്കള് ഇയക്കം എന്ന പേരിൽ പാർട്ടി രൂപീകരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തതായും വിജയിയുടെ പിതാവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. എന്നാൽ ഈ വാർത്ത വിജയ് നിഷേധിച്ചു.
Comments