തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തിന്റെ ചുവടുപിടിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഇ.ഡിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് നീക്കമെന്ന വിശദീകരണം പരിഹാസ്യമാണെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തെ സംബന്ധിച്ച് ബിജെപിയും കോണ്‍ഗ്രസും പറയുന്നത് അതേ പോലെ ആവര്‍ത്തിക്കുകയാണ് ഇ.ഡി ചെയ്തിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.
സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് അന്വേഷിക്കാന്‍ വന്നവര്‍ ഇപ്പോള്‍ അതൊഴികെയുള്ളതെല്ലാം അന്വേഷിച്ച് സര്‍ക്കാരിനെ ലക്ഷ്യംവെയ്ക്കാനും അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ഇ.ഡി ശ്രമിച്ചെന്ന അതീവഗൗരവമായ വെളിപ്പെടുത്തലാണ് ശബ്ദസന്ദേശത്തിലുള്ളത്. ഇത് ഔദ്യോഗികമായി നിഷേധിക്കാന്‍ ഇതുവരെ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല. ഈ പ്രതിയുടെ മൊഴിയായി ഇ.ഡി സമര്‍പ്പിച്ച രേഖയുടെ വിശ്വാസ്യതയില്‍ കോടതി തന്നെ സംശയം രേഖപ്പെടുത്തിയതായും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഇ.ഡിയും ഭാഗമാണെന്നു വ്യക്തമാക്കുന്നതാണ് അവരുടേതായി ചില മാധ്യമങ്ങളില്‍ വന്ന പ്രതികരണം. ദിവസേന സ്വയം വിശ്വാസ്യത തകര്‍ത്തു കൊണ്ടിരിക്കുന്ന അന്വേഷണ ഏജന്‍സിയായി ഇ.ഡി മാറിക്കഴിഞ്ഞു.
കേരളത്തിലെ ജ്യോതിരാദിത്യ സിന്ധ്യയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ബിജെപി കാണുന്നത്. ബിജെപിയും ഇ.ഡിയും പറഞ്ഞ ന്യായങ്ങള്‍ ഇപ്പോള്‍ ചെന്നിത്തലയും ആവര്‍ത്തിക്കുന്നു. രാഷ്ട്രീയ ഉപകരണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളെന്ന കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട് തള്ളി ഇ.ഡിയുടെ വക്താവായി രമേശ് ചെന്നിത്തല മാറി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കൂടി
ഉള്‍പ്പെടുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റ നിയമവിരുദ്ധ നടപടികളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും സിപിഎം സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടുന്നു.
Comments