ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിലും ചികിത്സയിലും വിട്ടുവീഴ്ചയില്ലാതെ കേന്ദ്രസര്‍ക്കാര്‍. ഇതുവരെ രാജ്യത്ത് 13 കോടി പരിശോധനകളാണ് പിന്നിട്ടത്. ശനിയാഴ്ച രാവിലെ വരെയുളള 24 മണിക്കൂറില്‍ മാത്രം 10,66,022 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെയാണ് ആകെ പരിശോധനകളുടെ എണ്ണം 13,06,57,808 ആയത്.
അവസാന ഒരു കോടി പരിശോധനകള്‍ നടത്തിയത് കേവലം 10 ദിവസങ്ങള്ക്കുള്ളിലാണെന്നതും രോഗ നിയന്ത്രണത്തിനുളള സര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 10 ലക്ഷം പരിശോധനകള്‍ എന്ന നയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സ്ഥിരമായി താഴ്ന്ന നിലയില്‍ തുടരാന്‍ സഹായകമാകുന്നുവെന്നാണ് വിലയിരുത്തല്‍.
ദേശീയതലത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 6.93% (7%ല്‍ താഴെ )ആണ്. കഴിഞ്ഞ ദിവസം ഇത് 4.34 ശതമാനത്തിലെത്തിയിരുന്നു. പരിശോധനകളുടെ എണ്ണം വര്‍ദ്ധിക്കുന്തോറും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്.
ഏതാനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പ്രതിരോധനടപടികള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍, ഇന്ത്യ സ്വീകരിക്കുന്ന പ്രതിരോധ നടപടികളാണ് രാജ്യത്ത് രോഗം നിയന്ത്രണ വിധേയമായി കൊണ്ടുവരാന്‍ സഹായിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
24 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ദശലക്ഷം പേരില്‍ ദേശീയതലത്തിലേക്കാള്‍ കൂടുതല്‍ പരിശോധന നടത്താന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി എന്നാല്‍ 12 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളില്‍ പരിശോധന ദേശീയതലത്തിലേക്കാള്‍ കുറവാണ്. ഇവിടങ്ങളില്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments