ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ സൈന്യത്തില്‍ ചേര്‍ന്നു. മേജര്‍ കൗസ്തുഭ് റാണയുടെ ഭാര്യ കനിക കൗസ്തുഭ് റാണയാണ് ഇന്ത്യന്‍ സൈന്യത്തിലേയ്ക്ക് കമ്മീഷന് ചെയ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ സൈനിക ക്യാമ്പില്‍ നിന്നാണ് കനിക പരിശീലനം പൂര്‍ത്തിയാക്കിയത്.
‘ഇത് ഒരിക്കലും എളുപ്പമായ ഒരു കാര്യമാണെന്ന് ഞാന്‍ പറയില്ല. മുന്‍പ് 100 മീറ്റര്‍ പോലും ഓടാന്‍ എന്നെക്കൊണ്ട് സാധിക്കുമായിരുന്നില്ല. എന്നാല്‍ ഇന്ന് ഞാന്‍ 40 കീലോ മീറ്റര്‍ ദൂരം ഓടുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും പൂര്‍ത്തീകരിക്കാനാണ് ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് എത്തിയിരിക്കുന്നത്. കൗസ്തുഭാണ് എന്റെ പ്രചോദനം. ഇത് അദ്ദേഹത്തിന് ഞാന്‍ നല്കുന്ന ആദരമാണ്’. കനിക പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പാണ് 29കാരനായ കൗസ്തുഭ് റാണ വീരമൃത്യു വരിച്ചത്. 2018 ഓഗസ്റ്റില്‍ ബന്ദിപ്പൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൗസ്തുഭ് റാണയുള്‍പ്പെടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ് കൗസ്തുഭ് റാണ, ഹമീര്‍ സിംഗ്(28), മന്ദീപ് സിംഗ്(26), വിക്രംജീത് സിംഗ്(25) എന്നിവര്‍ വീരമൃത്യു വരിച്ചത്.
Comments