ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പോലീസ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ഭേദഗതിക്കെതിരേ രാജ്യമൊട്ടുക്കും വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍. ഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പ്രസ്താവന ഇറക്കി മണിക്കൂറുകള്‍ക്കകം ട്വിറ്ററിലൂടെയാണ് പാര്‍ട്ടി നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്.
ഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ ക്രിയാത്മക നിര്‍ദ്ദേശങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വാക്കുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് മുതിര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടത്.
ഇടത് സര്‍ക്കാരിന്റെ നീക്കത്തെ സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നായിരുന്നു ചിദംബരം ചോദിച്ചത്. സര്‍ക്കാര്‍ നടപടി എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാന്‍ ഉപയോഗിക്കപ്പെടുമെന്നും ക്രൂരതയാണെന്നും പ്രശാന്ത് ഭൂഷണും വിമര്‍ശിച്ചിരുന്നു.
സൈബര്‍ ആക്രമണം തടയാനെന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്തിയത്. പുതിയ ഭേദഗതി പ്രകാരം സൈബര്‍ അധിക്ഷേപത്തില്‍ വാറന്റില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാം. എന്നാല്‍ ഇത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടും വ്യക്തിവിരോധം തീര്‍ക്കാനും ദുരുപയോഗം ചെയ്യപ്പെടുമെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത വന്നാല്‍ അഞ്ചു വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ചുമത്താനും ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.
Comments