ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തും. ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി ചേർന്നാണ് സ്ഥിതഗതികൾ വിലയിരുത്തുക. യോഗത്തിൽ കൊറോണ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്യും.
രണ്ട് ഘട്ടങ്ങളായിട്ടാകും പ്രധാനമന്ത്രി കൊറോണയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുക. ആദ്യ ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലെയും, രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സാഹചര്യങ്ങളാകും അദ്ദേഹം വിലയിരുത്തുക. നിലവിൽ രാജ്യത്തെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം.
വാക്സിൻ ലഭ്യമായാൽ ഉടൻ ആളുകളിലേക്ക് എത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാകും പ്രധാനമന്ത്രി സംസ്ഥാനങ്ങളുമായി പ്രധാനമായും ചർച്ച ചെയ്യുക. നിലവിൽ അഞ്ച് വാക്സിനുകളുടെ പരീക്ഷണങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നത്.
Comments