തിരുവനന്തപുരം: ഇടത് വലത് മുന്നണികള്‍ കൊള്ള സംഘമായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ധനമന്ത്രി തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുണ്ടെന്ന് ആരോപിച്ച സുരേന്ദ്രന് കേരളത്തിന്റെ ഗതി മാറ്റാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
അഴിമതിയാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക. സര്‍ക്കാര്‍ മാത്രമല്ല പ്രതിപക്ഷവും അഴിമതി ആരോപണത്തില്‍ പെട്ടിരിക്കുന്നു. പ്രതിപക്ഷവും സര്‍ക്കാരും ഒരേ തൂവല്‍ പക്ഷികളാണ്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതിപക്ഷത്തിന് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുണ്ടെന്നും സംസ്ഥാനത്തിന് പുറത്ത് മാത്രമല്ല വിദേശങ്ങളില്‍ പോലും മന്ത്രിമാര്‍ അഴിമതി പണം നിക്ഷേപിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കൊള്ളക്കാരുടെ സംഘമായി ഇടതു വലതു മുന്നണികള്‍ മാറി. ഇടതു വലതു മുന്നണികള്‍ കേസുകള്‍ അട്ടിമറിക്കുന്നു എന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്ന വെളിപ്പെടുത്തലാണ് ബിജു രമേശ് നടത്തിയത്. യു.ഡി.എഫ് കാലത്തെ അഴിമതിക്കേസുകള്‍ എല്ലാം പിണറായി വിജയന് അട്ടിമറിച്ചെന്നും രാഷ്ട്രീയമായി പ്രവര്‍ത്തിച്ച് നികൃഷ്ടമായ നിലപാട് സ്വീകരിക്കുന്ന ഏജന്‍സിയാണ് വിജിലന്‍സെന്നും സുരേന്ദ്രന് പറഞ്ഞു.
ബാര്‍കോഴ അന്വേഷിക്കേണ്ട സമയമാകുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കും. അഴിമതി മുന്നണികള്‍ ഭരിക്കുന്നതിനാല്‍ കേരളത്തില്‍ കേന്ദ്ര പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നില്ല. വികസനത്തിന്റെ മറവില്‍ കൊള്ളയടിക്കുന്ന സമീപനത്തെ ബി.ജെ.പി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments