ഇന്‍ഡോര്‍: 180 ടണ്‍ ഉളളിയുമായി പശ്ചിമ റെയില്‍വേയുടെ ആദ്യ കിസാന്‍ റെയില്‍ യാത്ര തിരിച്ചു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ന്യൂ ഗുവാഹത്തിയിലേക്കാണ് ട്രെയിന്‍ പുറപ്പെട്ടത്.
20 കോച്ചുകളാണ് ട്രെയിനില്‍ ഉളളത്. ഇതില്‍ 18 കോച്ചുകളിലും ചരക്ക് നിറച്ചിട്ടുണ്ടെന്ന് പശ്ചിമ റെയില്‍വേ രത്ലാം ഡിവിഷന് പിആര്‍ഒ ജിതേന്ദ്ര കുമാര്‍ ജയന്ത് പറഞ്ഞു. യാത്രയ്ക്കിടെ ചരക്ക് അയയ്ക്കാന്‍ താല്പര്യപ്പെടുന്ന കര്‍ഷകര്‍ക്ക് ബുക്ക് ചെയ്യാന്‍ വേണ്ടിയാണ് രണ്ട് ബോഗികള്‍ ഒഴിച്ചിട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെയും റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെയും ഒരുമിച്ചുളള പരിശ്രമത്തിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് ഇന്‍ഡോര്‍ എംപി ശങ്കര്‍ ലാല്‍വാനി പറഞ്ഞു. കര്‍ഷകര്‍ക്ക് ചരക്ക് കൊണ്ടുപോകുന്നതിനുളള നിരക്കില്‍ 50 ശതമാനം ഇളവും നല്‍കുന്നുണ്ട്. റോഡ് ഗതാഗതത്തെക്കാള് വേഗത്തില്‍ ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും കര്‍ഷകര്‍ക്ക് കഴിയും. അതുകൊണ്ടു തന്നെ ഉല്‍പ്പന്നങ്ങള്‍ കേട് വരുന്നതുപോലെയുളള പ്രശ്നങ്ങള്‍ ഉണ്ടാകുന്നുമില്ല.
വരും ദിവസങ്ങളില്‍ 15 കിസാന്‍ റെയിലുകള്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സാധാരണ ചരക്ക് തീവണ്ടികളെപ്പോലെ കിസാന്‍ റെയില്‍ വൈകുമെന്ന ഭയം വേണ്ടെന്നും എക്സ്പ്രസ് ട്രെയിനുകളുടെ വേഗത്തിലാണ് യാത്രയെന്നും സ്റ്റോപ്പുകള്‍ കുറവാണെന്നും റെയില്‍വേ വ്യക്തമാക്കുന്നു.
Comments