ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്ക പരത്തി നിവാര്‍ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും മണിക്കൂറില്‍ 145 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് തീരത്തേക്ക് അടുത്തതോടെ തമിഴ്നാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരി, ആന്ധ്രാ എന്നീ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശ മേഖലളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വില്ലുപുരം, കടലുര്‍, പുതുച്ചേരി, ചെന്നൈ, ചെങ്കല്‍പേട്ട് മേഖലകളില്‍ കാറ്റ് കനത്ത നാശനഷ്ടം വരുത്തിവയ്ക്കുമെന്നാണ് സൂചന. നിലവില്‍ കടലൂരിന് 300 കിലോമീറ്റര്‍ അകലെയാണ് നിവാര്‍ ഉള്ളത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി നാവികസേനയും കോസ്റ്റ് ഗാര്‍ഡും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. നാഗപട്ടണം രമേശ്വരം തീരങ്ങളില്‍ നാവികസേനയുടെ ഏഴ് സംഘങ്ങളെ വിന്യസിച്ചു. രണ്ട് ഹെലികോപ്റ്ററുകള്‍, എയര്‍ ആംബുലന്‍സ് എന്നിവയടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടായേക്കാമെങ്കിലും ശക്തമായ കാറ്റിനോ മഴയ്‌ക്കോ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments