ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന പതിനെട്ടാമത് “എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം” നവംബർ 26, 27 തീയതികളിലായി ഓണ്‍ലൈന്‍ ആയി നടക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ സംസ്ഥാനതല സംഘാടകരാണ് ഈവര്‍ഷം വിജ്ഞാനോത്സവം നയിക്കുന്നത്.
വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കേരളത്തിലെ ഒരു പ്രമുഖ കവിയും പത്രപ്രവർത്തകനുമായ ശ്രീ ഏഴാച്ചേരി രാമചന്ദ്രനാണ് വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് പേരടങ്ങുന്ന ടീമിന് പകരം വ്യക്തിഗതമായാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗമായും, ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ സീനിയര്‍ വിഭാഗവുമായും പരിഗണിച്ചാണ് മത്സരങ്ങൾ നടക്കുക. ഇരു വിഭാഗത്തിലും മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍. നവംബര്‍ 26നു വൈകീട്ട് നടക്കുന്ന ആദ്യ പ്രാഥമിക മത്സരത്തില്‍ നിന്നും കൂടുതൽ മാർക്ക് നേടി തിരഞ്ഞെടുക്കപ്പെടുന്ന എൺപത് പേര്‍ക്കായി നവംബര്‍ 27നു രാവിലെ രണ്ടാം ഘട്ട മത്സരം നടക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 8 പേരായിരിക്കും അവസാന ഘട്ട മത്സരത്തില്‍ പങ്കെടുക്കുക. മത്സരങ്ങൾ കേരള വിഭാഗത്തിന്റെ ഫേസ് ബുക്ക് പേജിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്.
ഒമാനിലെ ഇരുപത്തൊന്നു ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ വര്ഷം മത്സരത്തിനായി ഏറെക്കുറെ അത്ര തന്നെ പേര്‍ രജിസ്ടര്‍ ചെയ്തിട്ടുണ്ട്. “കൊറോണ എല്ലാവരെയും അകത്തളങ്ങളില്‍ അടച്ചിടാന്‍ നിര്‍ബന്ധിക്കുമ്പോഴും, മലയാള ഭാഷയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുവാനായി എന്റെ കേരളം എന്റെ മലയാളം വിജ്ഞാനോത്സവം ഈ രീതിയില്‍ സംഘടിപ്പിക്കുവാന്‍ കഴിയുന്നതിലുള്ള സന്തോഷം അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കു വച്ചിട്ടുണ്ട്.” സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് സാക്ഷ്യ പത്രവും ആകർഷകമായ സമ്മാനങ്ങളും നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങൾകായി 99881475 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്
Comments