റിയാദ് : സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റിയുടെ പേര് സൗദി സെൻട്രൽ ബാങ്ക് എന്നാക്കി മാറ്റാനുള്ള തീരുമാനത്തിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകി. സാമയുടെ വെബ്സൈറ്റിലും മറ്റു രേഖകളിലും പേര് മാറ്റം പൂർത്തിയായി കൊണ്ടിരിക്കുകയാണെങ്കിലും സാമ എന്ന ചുരുക്കപ്പേര് ഒഴിവാക്കില്ല. നിയമാനുസൃത വിനിമയം ഉറപ്പുവരുത്തുന്നതിന് നാണയങ്ങളിലും നോട്ടുകളിലും സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി എന്ന് ആലേഖനം ചെയ്തിരിക്കുന്നത് തുടരും.
സെൻട്രൽ ബാങ്കുകൾക്കായുള്ള അന്തർദ്ദേശീയ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് പുതിയ പേര്മാറ്റം. പണ സ്ഥിരത നിലനിർത്തുക, സ്ഥിരത പ്രോത്സാഹിപ്പിക്കുക, സാമ്പത്തിക മേഖലയിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, സാമ്പത്തിക വളർച്ചയെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ ആണ് പുതിയ നിയമം മുന്നോട്ടു വെക്കുന്നത്. കൂടാതെ ധനനയം രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും സൗദി സെൻട്രൽ ബാങ്കിന് ഉത്തരവാദിത്തമുണ്ട്.
ധനനയവും കരുതൽ ധനവും കൈകാര്യം ചെയ്യുന്നതിലും ധനകാര്യ മേഖലയിലെ സ്ഥാപനങ്ങൾ (ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ ഉൾപ്പെടെ), ക്രെഡിറ്റ് ഇൻഫർമേഷൻ മേഖല, ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) മേഖല എന്നിവയുടെ മേൽനോട്ടം വഹിക്കുന്നതിലും സെൻട്രൽ ബാങ്കിന് ഉത്തരവാദിത്വം ഉണ്ട്.
Comments