ഗുവാഹട്ടി : അസ്സമിൽ ഭീകര സംഘടനാ നേതാവ് അറസ്റ്റിൽ. പീപ്പിൾസ് ഡെമോക്രാറ്റിക് കൗൺസിൽ ഓഫ് കാർബി ലോംഗ്രി ജനറൽ സെക്രട്ടറി നോങ്മെ തുംജാങ് എന്ന സഞ്ജിബ് ഫാങ്ചോയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും പിടികൂടി.
കഴിഞ്ഞ ദിവസം വൈകീട്ട് നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബക്കാലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾ എത്തിയതായി ഇന്റലിജൻസ് കാർബി പോലീസിന് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്ഫോടക വസ്തുക്കൾ ഉൾപ്പെടെയാണ് ഇയാളുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തത്. 7.65 എംഎം പിസ്റ്റൽ, തിരകൾ, രണ്ട് മൊബൈൽ ഫോണുകൾ, ഗ്രനേഡ്, തുടങ്ങിയവയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. വിശദ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Comments