കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കനത്ത തിരിച്ചടി നേരിട്ട് തൃണമൂൽ കോൺഗ്രസ്. പാർട്ടി വിട്ട തൃണമൂൽ എംഎൽഎ മിഹിർ ഗോസ്വാമി ബിജെപിയിൽ ചേരും. അംഗത്വം സ്വീകരിക്കുന്നതിനായി അദ്ദേഹം ഡൽഹിയിലെത്തി.
കൂച്ച്ബെഹറിലെ ബിജെപി എംപി നിതീഷ് പ്രമാണികിനൊപ്പമാണ് മിഹിർ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയത്. പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ബിജെപി മുതിർന്ന നേതാക്കളുമായി മിഹിർ ചർച്ച നടത്തിയതായി നിതീഷ് പ്രമാണിക് പറഞ്ഞു.
കൂച്ച്ബെഹറിലെ എംഎൽഎയായ മിഹിർ ഗോസ്വാമി തൃണമൂൽ കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എംഎൽഎ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചത്. നേതൃത്വത്തിന്റെ നടപടികൾ സഹിക്കാൻ കഴിയില്ലെന്നും, തൃണമൂൽ കോൺഗ്രസുമായി സഹകരിക്കാൻ പ്രയാസമാണെന്നുമായിരുന്നു മിഹിറിന്റെ പ്രതികരണം. ദിവസങ്ങൾക്ക് മുൻപ് തൃണമൂൽ നേതാവ് രബീന്ദ്രനാഥ് ഗോഷ് മിഹിറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മിഹിറിന്റെ പാർട്ടി വിടുന്നതായുള്ള പ്രഖ്യാപനം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎൽഎയുടെ രാജി തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Comments