കൊൽക്കത്ത: മമത സർക്കാരിന് തിരിച്ചടി. തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പശ്ചിമബംഗാളിലെ ഗതാഗത ജലവഭവ മന്ത്രി സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവച്ചു. സുവേന്ദു അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേരുമെന്നാണ് സൂചന. മാസങ്ങളായി തൃണമൂൽ നേതൃത്വവുമായി ഭിന്നതയിലാണ് സുവേന്ദു.
തൃണമൂൽ നേതൃത്വ നിരയിൽ തന്നെ നിരന്തരം അവഗണിക്കുന്നുവെന്നാണ് പരാതി. തുടർന്നാണ് മന്ത്രിസ്ഥാനം രാജി വച്ചത്. സുവേന്ദുവിന്റെ പിതാവ് ശിശിർ അധികാരി തൃണമൂൽ കോൺഗ്രസ് എംപിയാണ്. സുവേന്ദു പാർട്ടി വിടുകയാണെങ്കിൽ പിതാവും സഹോദരങ്ങളും അടക്കമുള്ളവർ ഒപ്പമുണ്ടാകുമെന്നാണ് സൂചന.
2007-08ൽ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തി കേന്ദ്രമാക്കിയതിൽ പ്രധാനിയാണ് സുവേന്ദ. ഇദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്നത് തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
Comments