ചെങ്ങന്നൂര്‍: സോളാര്‍ കേസില്‍ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന് ഗൂഢാലോചന നടത്തിയെന്ന ശരണ്യ മനോജിന്റെ ആരോപണം കേസില്‍ സിപിഎം നടത്തിയ വഴിവിട്ട ഇടപെടലിലേക്ക് വിരല്‍ചൂണ്ടുന്നു. കേസില്‍ സജി ചെറിയാന് ഇടപെട്ടുവെന്ന് പരാതിക്കാരി പറഞ്ഞതായും സജി ചെറിയാന് ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. സോളാര്‍ കേസ് എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ അട്ടിമറിച്ചുവെന്ന ആരോപണം ശക്തമായിരിക്കെയാണ് സജി ചെറിയാനെതിരേയും ആരോപണം ഉയരുന്നത്.
കേസില്‍ സിപിഎം കാണിച്ച താല്പര്യത്തിലേക്കും ഇടപെടലിലേക്കും വിരല്‍ ചൂണ്ടുന്നതാണ് സജി ചെറിയാനെതിരായ ആരോപണം. ചെങ്ങന്നൂര്‍ സ്വദേശിനിയായ പരാതിക്കാരി ആ പരിചയം വെച്ചാണ് തന്നെ വന്ന് കണ്ടതെന്ന് സജി ചെറിയാന് സമ്മതിക്കുന്നു. എന്നാല്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ആരോപണം ഉന്നയിച്ച മനോജിനെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും സജി ചെറിയാന് പറഞ്ഞു.
സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് പരാതിക്കാരി സോളാര്‍ ഇടപാടിലെ സംഭവങ്ങള്‍ തന്നോട് പറഞ്ഞത്. ഒരുപാട് പേരെ ബന്ധപ്പെടുത്തിയുളള കാര്യങ്ങള്‍ സംസാരിച്ചു. അതെല്ലാം തന്റെ മനസിലുണ്ടെന്നും പക്ഷെ ഇപ്പോള്‍ പുറത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സജി ചെറിയാന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജീവനും ആയുസിനും ഭീഷണിയാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. തനിക്ക് നേരെ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ സഹായിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചിരുന്നതായും സജി ചെറിയാന് പറഞ്ഞു. എന്നാല്‍ പോലീസിനെ സമീപിക്കാനും നിയമപരമായ രീതിയില്‍ ശ്രമിക്കാനുമാണ് ഉപദേശിച്ചതെന്നും സജി ചെറിയാന് വ്യക്തമാക്കി.
ഒരിടവേളയ്ക്ക് ശേഷം തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സോളാര്‍ കേസ് വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസാണ് പ്രതിക്കൂട്ടിലെങ്കിലും സജി ചെറിയാനെതിരായ ആരോപണം കേസില്‍ സിപിഎം നടത്തിയ ഒത്തുകളികളിലേക്കും പാര്‍ട്ടി പുലര്‍ത്തിയ താല്പര്യത്തിലേക്കും വഴി തുറക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലും സര്‍ക്കാരിനെതിരായ മറ്റ് ആരോപണങ്ങളിലും പ്രതിരോധത്തിലായ സിപിഎമ്മിന് വരും ദിവസങ്ങളില്‍ ഈ ആരോപണവും അടുത്ത തലവേദനയായി മാറിയേക്കും.
Comments