ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ഖലിസ്ഥാനെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ്(എസ്ഐജെ) അറിയിച്ചു. യൂട്യൂബ് ഉള്‍പ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
എസ്എഫ്ജെ സ്ഥാപകനായ ഗുര്‍പത്വന്ത് സിംഗ് പന്നുവാണ് പ്രതിഷേധിക്കാനെത്തുന്നവര്ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് എന്ത് നഷ്ടമുണ്ടായാലും അത് നികത്താന്‍ തയ്യാറാണെന്നും പന്നു അറിയിച്ചു. നഷ്ടത്തിന്റെ കണക്കുകളും മറ്റ് വിവരങ്ങളും എസ്എഫ്ജെയ്ക്ക് നല്‍കണമെന്നും സംഘടന അത് പരിഹരിക്കുമെന്നും പന്നു പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. എന്നാല്‍, പകരമായി ഖലിസ്ഥാന്‍ മൂവ്മെന്റിന്റെ ഭാഗമാകണമെന്ന ആവശ്യമാണ് പന്നു മുന്നോട്ടുവെച്ചിരിക്കുന്നത്.
നവംബര്‍ 30ന് അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും എസ്എഫ്ജെ അറിയിച്ചു. കാര്‍ഷിക നിയമം കരി നിയമമാണെന്നും ഇത് കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുമെന്നും പന്നു പറഞ്ഞു. ഇത്തരം നിയമങ്ങളെ നേരിടാന്‍ സ്വാതന്ത്ര്യമാണ് ആവശ്യമെന്നും എന്ന് പഞ്ചാബ് സ്വതന്ത്രമാകുന്നുവോ അന്ന് മാത്രമെ ആര്‍ക്കും പഞ്ചാബിലെ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ സാധിക്കാതിരിക്കുകയുള്ളൂ എന്നും പന്നു പറഞ്ഞു.
നേരത്തെ, സെപ്റ്റംബര്‍ 23നും എസ്എഫ്ജെ സമാനമായ രീതിയില്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ വായ്പകള്‍ തിരിച്ചടയ്ക്കാനായി 10 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു എസ്എഫ്ജെയുടെ പ്രഖ്യാപനം. ഒക്ടോബര്‍ 1 മുതല്‍ 8 വരെ നടക്കുന്ന ഖലിസ്ഥാന്‍ അഭിപ്രായ വോട്ടെടുപ്പില്‍ ജാതിമത ഭേദമന്യേ 25 വോട്ടുകള്‍ ചെയ്യുന്ന കര്ഷകന് 5000 രൂപ നല്‍കുമെന്നും എസ്എഫ്ജെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയ സംഘടനയാണ് എസ്എഫ്ജെ. ഈ വര്‍ഷം ജൂലൈയില്‍ മാത്രം എസ്എഫ്ജെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 40 വെബ്സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്.
Comments