കൊറോണ പ്രതിസന്ധിമൂലം ഒമാനിലെ രക്തബാങ്കുകളിൽ രക്തദൗർലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽ മസ്കറ്റ് സേവാ ടീം തുടർച്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുകയും, ആശുപത്രികളിൽ നേരിട്ടെത്തി രക്തം ദാനം നിർവ്വഹിക്കുകയും ചെയ്യുന്നുണ്ട് . ഇതിന്റെ തുടർച്ചയായാണ് ബർക്ക അൽ ഫഹാൻ ഹാളിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ബർക്ക മുനിസിപ്പൽ കൗൺസിൽ അംഗം യൂനുസ് അബ്ദുൾ റഹിം അൽ ബലൂച്ചി ഉദ്ഘാടനം ചെയ്തു. ബർക്കയിലെ പ്രമുഖ വ്യവസായി ഖാലിദ് സൈഫ് അൽ സബാഹിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഒമാനിലെ ഇൻഡ്യൻ സമൂഹം ഈ രാജ്യത്തോട് എന്നും ചേർന്ന് നിന്നു പ്രവർത്തിച്ചിട്ടുള്ളവരാണെന്നും, മസ്കറ്റ് സേവാടീം ഒമാന്റെ വിവിധഭാഗങ്ങളിൽ നടത്തുന്ന രക്തദാനക്യാമ്പുകൾ പോലെയുള്ള സേവനപ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും, ഇതിനായി പ്രവർത്തിക്കുന്നവരെയും പങ്കെടുത്തവരെയും അഭിനന്ദിക്കുന്നതായും ഖാലിദ് അൽ സബാഹി പറഞ്ഞു. അതിഥികൾ ക്യാമ്പ് സന്ദർശിക്കുകയും ആരോഗ്യപ്രവർത്തകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ക്യാമ്പിൽ ഏകദേശം നൂറ്റന്പതോളം പേർ രക്തം ദാനം നിർവ്വഹിച്ചു . സേവാടീം ഭാരവാഹികളായ സുധാകരൻ , സുരേഷ് , അരുൺ യോഗേഷ്, സതീഷ് , വിവേക് രാജേഷ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Comments