ന്യൂഡൽഹി : കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെയും കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെയും വാക്കുകൾ ചെവിക്കൊള്ളാൻ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാരുമായി പ്രതിഷേധക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും പരിഹാരമുണ്ടാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി അതിർത്തികളിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
കാർഷിക നിയമങ്ങളെ കുറിച്ച് തന്റെ സഹപ്രവർത്തകരായ നരേന്ദ്ര സിംഗ് തോമറും, പീയുഷ് ഗോയലും പറയുന്നത് കർഷകർ ശ്രദ്ധയോടെ കേൾക്കാൻ തയ്യാറാകണം- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വ്യാഴാഴ്ച തോമറും ഗോയലും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ ലിങ്കും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
വിഷയത്തിൽ ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും പ്രതിഷേധക്കാർക്ക് മുന്നിൽ സർക്കാർ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നുമാണ് തോമർ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. നിർദ്ദേശങ്ങളിൽ ഏത് സമയത്തും സർക്കാർ തുടർചർച്ചയ്ക്ക് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ കർഷകരുടെ ക്ഷേമത്തിനായാണെന്ന് പീയുഷ് ഗോയലും വ്യക്തമാക്കിയിരുന്നു.
Comments