ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഓദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഒമാനിലേക്ക് തിരിച്ചു. ഒമാന്‍ വിദേശകാര്യ , തൊഴില്‍വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പടെയുളളവരുമായി കൂടിക്കാഴ്ച നടത്തും. ഒമാനിലെ ഇന്ത്യന്‍ സമൂഹവുമായും പുതുതായി രൂപീകരിച്ച ഒമാന്‍-ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് പ്രതിനിധികളുമായും സന്ദര്‍ശനത്തിനിടെ സംവദിക്കുമെന്ന് വി. മുരളീധരന് ഫേസ്ബുക്കില്‍ വ്യക്തമാക്കി. വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് വി. മുരളീധരന് ഒമാന്‍ സന്ദര്‍ശിക്കുന്നത്.
ഇരു രാജ്യങ്ങള്‍ക്കും പൊതു താത്പര്യമുള്ള അന്താരാഷ്ട്ര, ഉഭയകക്ഷി വിഷയങ്ങളിലും ഒമാനിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ തിരികെ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഇരു രാജ്യങ്ങളും കൈകോര്‍ത്തിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ എത്തിക്കാനും ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ മുടക്കമില്ലാതെ ഒമാനില്‍ എത്തിക്കുന്നതിനും ഇന്ത്യ മുന്‍കൈ എടുത്തിരുന്നു. 10 ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസ വേണ്ടെന്ന് പ്രഖ്യാപിച്ച് വിസ ചട്ടങ്ങളില്‍ ഒമാന്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു.
വൈവിധ്യമാര്‍ന്ന സാംസ്കാരിക പൈതൃകമുള്ള ഇന്ത്യയ്ക്കും ഒമാനുമിടയില്‍ ഊഷ്മളമായ സൗഹാര്ദ്ദമുണ്ടെന്ന് യാത്ര തിരിക്കുന്നതിന് മുന്‍പ് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ വ്യാപന സമയത്ത് പോലും ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവന്മാര് തന്ത്രപ്രധാന ബന്ധം പുലര്‍ത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാന്‍ സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക്കുമായി ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഡിസംബര്‍ 2 ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഒമാന്‍ വിദേശകാര്യമന്ത്രിയുമായി വെര്‍ച്വല്‍ കൂടികാഴ്ചയും നടത്തി. ഒക്ടോബറില്‍ വെര്‍ച്വലായി ഇന്ത്യാ ഒമാന്‍ സംയുക്ത കമ്മിഷന് യോഗവും നടന്നിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ്, സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ, വിദ്യാഭ്യാസ, ആരോഗ്യ, യോഗ സംഘടനാ ഭാരവാഹികള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്ന് വി. മുരളീധരന് അറിയിച്ചു. വി. മുരളീധരന്റെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ കാണുന്നത്. ഒമാനിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഗുണകരമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ചര്‍ച്ചകളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Comments