ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയം നടപ്പിലാക്കാൻ ഒരുക്കമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആവശ്യമായ ഭേദഗതികളെല്ലാം വരുത്തുകയാണെങ്കിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്ത് നടപ്പാക്കാൻ തയ്യാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ അറിയിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. വിവിധ തെരഞ്ഞെടുപ്പുകൾ വിവിധ കാലങ്ങളിൽ നടക്കുന്നത് രാജ്യത്തെ വികസന പ്രവർത്തനങ്ങളെ ബാധിക്കും. ഈ ആശയത്തിൽ വിശദമായ പഠനം ആവശ്യമാണെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ അഭിപ്രായത്തെ പിന്തുണച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രംഗത്തെത്തിയിരിക്കുന്നത്.
2019 ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ബിജെപി ഉയർത്തിക്കാട്ടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷവും പ്രധാനമന്ത്രി ഈ ആശയം ചർച്ചയാക്കിയിരുന്നു. കേന്ദ്രസർക്കാർ ഇതിനായി ഒരു സമിതിയും രൂപീകരിച്ചു. എന്നാൽ സർക്കാർ പ്രധാന പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചെങ്കിലും വ്യക്തമായ അഭിപ്രായം രേഖപ്പെടുത്താൻ അവർ തയ്യാറായില്ല.
Comments