ന്യൂഡല്‍ഹി: ഫത്വ പുറപ്പെടുവിക്കാന്‍ വേണ്ടി മാത്രമിരിക്കുന്ന വ്യാജ സംഘടനകള്‍ മനുഷ്യകുലത്തിന്റെ ശത്രുക്കളാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി. സാധാരണക്കാരുടെ ക്ഷേമം അട്ടിമറിക്കുന്ന രീതിയിലാണ് ഇത്തരം വ്യാജഫെഡറേഷനുകള് ഫത്വ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊറോണ വാക്സിനുമായി ബന്ധപ്പെട്ട് ഫത്വ പുറപ്പെടുവിക്കാനുളള നീക്കത്തെക്കുറിച്ച് പരാമര്‍ശിക്കവേയായിരുന്നു മുക്താര്‍ അബ്ബാസ് നഖ് വി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പച്ചക്കറി കടകള്‍ തുറക്കുന്നതുപോലെയാണ് ഇവര്‍ ഫത്വ ഷോപ്പുകള്‍ തുറന്ന് എല്ലാകാര്യത്തിനും ഫത്വകള് പുറപ്പെടുവിക്കുന്നത്. വാക്സിന് വരുമ്പോള്‍ ആദ്യം അവര്‍ തന്നെ സ്വീകരിക്കും. എന്നിട്ട് ഫത്വ പുറപ്പെടുവിച്ച് മറ്റുളളവരുടെ ജീവന് അപകടത്തിലാക്കും. നേരത്തെ ഹജ്ജ് യാത്രികര്‍ക്ക് വാക്സിനെടുക്കുന്നതിനെതിരേ ഫത്വ പുറപ്പെടുവിച്ചിരുന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. ഡെങ്കിപ്പനിക്കെതിരായ വാക്സിനുകള്‍ക്ക് നേരെയും ഇതേ നീക്കം ഉണ്ടായി. സമാനമായ രീതിയിലാണ് ഇപ്പോള്‍ കൊറോണ വാക്സിനെതിരേയും ഫത്വ പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്. സാധാരണക്കാരുടെ ആരോഗ്യവും ക്ഷേമവും വെച്ചാണ് ഇവര്‍ കളിക്കുന്നതെന്നും അത് ഇത്തരക്കാരുടെ സ്വഭാവമാണെന്നും മന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെയും മന്ത്രി വിമര്‍ശിച്ചു.
അയല്‍രാജ്യങ്ങളിലെ ക്രൂരതകള്‍ക്ക് ഇരയായവര്‍ക്ക് നീതി നല്കാന് വേണ്ടിയാണ് ഈ നിയമം രാജ്യം നടപ്പാക്കിയത്. പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ക്രൂരതകള്‍ ആരില്‍ നിന്നും ഒളിച്ചുവെയ്ക്കേണ്ട കാര്യമില്ല. സ്ത്രീകളും കുട്ടികളും മൃഗീയമായാണ് അവിടെ കൊല്ലപ്പെടുന്നതെന്നും മുക്താര്‍ അബ്ബാസ് നഖ് വി ചൂണ്ടിക്കാട്ടി.
ഭാരത്ഫോബിയ ഉളള ചിലര്‍ ഇവിടുത്തെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ അയല്‍രാജ്യങ്ങളിലെ അവസ്ഥയെക്കുറിച്ച് മിണ്ടുന്നില്ല. ക്രൂരത അതിന്റെ എല്ലാ പരിധികളും ലംഘിക്കുകയാണ് അവിടെയെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ സമയത്ത് 25-26 ശതമാനമായിരുന്നു പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം. എന്നാല്‍ ഇപ്പോള്‍ ഇത് രണ്ട് ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments