കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കാസർഗോഡ് സ്വദേശി ഹാഫിസിൽ നിന്നാണ് 480 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.
കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ വിദേശത്തു നിന്നെത്തിയ രണ്ടു പേരിൽ നിന്ന് സമാനമായ രീതിയിൽ സ്വർണം പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളായ ഷബീർ, ആഷിഖ് എന്നിവരിൽ നിന്ന് 1714 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
പിടികൂടിയ സ്വർണത്തിന് ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.
Comments