ദോഹ* ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള മൂന്ന് അപ്പെക്സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് നാളെ(ജനുവരി 7ന്). കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് തിരഞ്ഞെടുപ്പ്. ഡിജിപോള്‍ ആപ്പിലൂടെ ഉച്ചക്ക് 2 മുതല്‍ രാത്രി 9 വരെയാണ് വോട്ടു ചെയ്യാമെന്ന് എംബസി ഇലക്ഷന് കമ്മിറ്റി കൗണ്‍സിലറും ചെയര്‍പേഴ്സണുമായ ടി. ആഞ്ജലീന് പ്രേമലതയുടെ അറിയിപ്പില്‍ പറയുന്നു.
ഡിസംബര്‍ 26നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ഡിജിപോള്‍ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാല്‍ ജനുവരി ഏഴിലേക്കു മാറ്റുകയായിരുന്നു. ആപ്പിള്‍ ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിന് ആപ്പിളിന്റെ ഐഒഎസ് അംഗീകാരം ലഭിക്കുന്നതില്‍ വന്ന കാലതാമസമാണ് തിരഞ്ഞെടുപ്പു നീട്ടാന്‍ കാരണമായത്.
വോട്ടവകാശമുള്ള എല്ലാ അപ്പക്സ് സംഘടനാ അംഗങ്ങള്‍ക്കും ഡിജിപോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്ന്(ബുധന്‍) വൈകിട്ട് 6 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ ഈ സമയപരിധിക്കുള്ളില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവൊലന്റ് ഫോറം(ഐസിബിഎഫ്), ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍(ഐഎസ്സി) എന്നിവയിലേക്കാണ് നാളെ തിരഞ്ഞെടുപ്പു നടക്കുന്നത്. മൂന്നു സംഘടനകളിലേക്കും രണ്ടു വ്യത്യസ്ത പാനലുകള്‍ രംഗത്തുണ്ട്. മുന്‍കാലങ്ങളിലേതിനേക്കാള്‍ വാശിയേറിയ മത്സരമാണ് ഇത്തവണ. ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കാണ് ഏറ്റവും കടുത്ത മത്സരം നടക്കുന്നത്. അണിയറനീക്കങ്ങളും മുന്‍കാലത്തേക്കാള്‍ സജീവമാണ്.
നിലവിലെ ഐസിബിഎഫ് പ്രസിഡന്റ് പി. എന്‍. ബാബുരാജന് ഇത്തവണ ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. നിലവില്‍ ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗമായ ജൂട്ടാസ് പോളാണ് മുഖ്യ എതിരാളി. ഐസിബിഎഫ് പ്രസിഡന്റ് പദവിക്കായി നിലവിലെ ജോ.സെക്രട്ടറി സന്തോഷ് പിള്ള, മാനേജ്മെന്റ് കമ്മിറ്റി അംഗവും സ്പോണ്‍സര്‍ഷിപ് ആന്‍ഡ് ഇവന്റ്സ് ഹെഡുമായ സിയാദ് ഉസ്മാന് എന്നിവര്‍ തമ്മിലാണ് മത്സരം. ഐഎസ്സിയില് ഡോ. മോഹന്‍ തോമസും ഷറഫ് പി ഹമീദും തമ്മിലാണ് പ്രസിഡന്റ് പദവിക്കായി രംഗത്തുള്ളത്. നിലവിലെ വൈസ്പ്രസിഡന്റാണ് ഷറഫ്. ഐസിസിയില്‍ 2424 അംഗങ്ങളും ഐസിബിഎഫില്‍ മൂവായയിരത്തിലേറെ അംഗങ്ങളും ഐഎസ്സിയില് 1200ഓളം അംഗങ്ങളുമാണ് ഉള്ളത്. നാളെ രാത്രിതന്നെ ഫലപ്രഖ്യാപനവും ഉണ്ടായേക്കും.
ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷണല്‍ കൗണ്‍സില്‍(ഐബിപിസി) തിരഞ്ഞെടുപ്പ് തല്ക്കാലം നടത്തില്ലെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഐബിപിസി ഭരണത്തിന് അഡ്ഹോക്ക് സമിതി രൂപീകരിക്കാനാണ് എംബസിയുടെ നീക്കം. ഖത്തര്‍-ഇന്ത്യ വാണിജ്യബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഖത്തറിലെ ഇന്ത്യന്‍ വാണിജ്യ, വ്യവസായ പ്രമുഖരെ ഐബിപിസിയുടെ തലപ്പത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
Comments