കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ മലയോര മേഖലയിൽ 13കാരനാണ് രോഗം ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
കോഴിക്കോട് ഷിഗെല്ല രോഗം നിയന്ത്രണവിധേയമായതായി ഡിഎംഒ അറിയിച്ചിരുന്നു. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കോഴിക്കോടിന് പുറമെ കണ്ണൂർ, എറണാകുളം ജില്ലകളിലും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
കണ്ണൂരിൽ കഴിഞ്ഞ ദിവസം ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മാസവും കണ്ണൂരിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. എറണാകുളം ജില്ലയിൽ 56കാരിയായ ചോറ്റാനിക്കര സ്വദേശിനിയ്ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
Comments