റിയാദ് : പ്രമുഖ വ്യവാസായി ഡോ. സിദ്ദിഖ് അഹമ്മദിന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ചു. സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടിഎൽ-ഇറാം ഗ്രൂപ്പ് സിഎംഡി ആയ സിദ്ദിഖ് അഹമ്മദ് പാലക്കാട് ജില്ലയിലെ മങ്കര സ്വദേശിയാണ്. 30 പേരാണ് ഇക്കുറി ഭാരതീയ സമ്മാൻ പുരസ്കാരത്തിനു അർഹരായത്. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് ആണ് പുരസ്കാരം സമ്മാനിക്കുന്നത്. ഇന്ത്യയും സൗദി അറേബ്യയും ഉൾപ്പെടെ 16 രാജ്യങ്ങളിൽ ആയി 40 ലധികം വ്യവസായ സംരംഭങ്ങളുടെ ഉടമയാണ്. കൂടാതെ സർക്കാരുകളും, എൻജിഒ കളും ഒക്കെ ആയി സഹകരിച്ച് നിരവധി ചാരിറ്റി പ്രവർത്തനങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്.
2008 ൽ ആരംഭിച്ച എറാം ഗ്രൂപ്പിന്റെ ആർ & ഡി ഡിവിഷനായ എറാം സയന്റിഫിക് സൊല്യൂഷൻസ് (ഇ എസ് എസ്) ഇതുവരെ ഇന്ത്യയിൽ 19 സംസ്ഥാനങ്ങളിലായി 1800-ലധികം ഇ-ടോയ്ലറ്റ് യൂണിറ്റുകളും 400 ലധികം മലിനജല ശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്ലറ്റായ ഇ ടോയ്ലറ്റ് ദേശീയമായും അന്തർദ്ദേശീയമായും 40 ലധികം അവാർഡുകൾ നേടിയിട്ടുണ്ട്. സാനിറ്ററി നാപ്കിൻ ഡിസ്പെൻസറും ഇൻസിനറേറ്ററും ഉപയോഗിച്ച് നിരവധി ‘ഷീ ടോയ്ലറ്റുകൾ’ ഇറാം സ്ഥാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ടോയ്ലറ്റ് ടൈറ്റൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട് ഡോ. സിദ്ദീഖ് അഹമ്മദ്.
പ്രവാസി വ്യവസായി എന്ന നിലയിലും ഇന്ത്യയിലെ പ്രമുഖ വ്യവസായി എന്ന നിലയിലും ധാരാളം പുരസ്കാരങ്ങൾ ഇതിനോടകം ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. യുഎസ്എ യിലെ കിങ്സ് യൂണിവേഴ്സിറ്റിയും, തമിഴ്നാട് യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യയും സിദ്ദിഖ് അഹമ്മദിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
നുഷൈബയാണ് ഭാര്യ, റിസാന മറിയം, റിസ്വി മറിയം, റിസ്വാൻ അഹമ്മദ് എന്നിവർ മക്കൾ ആണ്
Comments