കുവൈറ്റ് സിറ്റി – കുവൈറ്റ് കല ട്രസ്റ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെയും, വീൽചെയർ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. കേരളത്തിലെ 14 ജില്ലകളിൽനിന്നും എസ്എസ്എൽസി പരീക്ഷയിൽ മലയാളം മീഡിയത്തിൽ പഠിച്ച് ഉയർന്ന മാർക്ക് നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 വിദ്യാർത്ഥികൾക്കാണ് ഈ വർഷത്തെ എൻഡോവ്മെന്റ് നൽകുന്നത്. കല കുവൈറ്റിന്റെ നാല്പത്തിരണ്ടാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘അശരണർക്ക് കൈത്താങ്ങാകുക’ എന്ന ലക്ഷ്യത്തോടെ കേരളത്തിലെ 14 ജില്ലകളിലായി 53 വീൽ ചെയറുകള്‍ വിതരണം ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 12 വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ എൻഡോവ്മെന്റിന്റെയും, ജില്ലയിലെ 05 വീൽചെയറുകളുടെയും വിതരണമാണ് ചടങ്ങില്‍ നടന്നത്.
കല ട്രസ്റ്റ് ബോർഡ് ഡയറക്ടർ മെമ്പർ പി.വി. മുസ്തഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹനൻ പനങ്ങാട് സ്വാഗതമാശംസിച്ചു. സിപിഐ (എം) വഞ്ചിയൂർ ഏരിയ സെക്രട്ടറി സി. ലെനിൻ, പ്രവാസി ക്ഷേമനിധി ബോർഡ് മെമ്പർ സജീവൻ തൈക്കാട്, കേരള പ്രവാസി സംഘം ജില്ലാ ട്രഷറാർ പ്രതാപ് കുമാർ, കല കുവൈറ്റ് പ്രവർത്തകരായ ജെ.ആൽബർട്ട്, നെൽസൺ റോയ് എന്നിവർ സംസാരിച്ചു. പരിപാടിക്ക് കല കുവൈറ്റ് മുൻ അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ ജോൺസൻ നന്ദി പറഞ്ഞു.
Comments