കോഴിക്കോട് : ഒഞ്ചിയത്ത് പോലീസുകാരനെതിരെ ഭീഷണിയുമായി സിപിഎം നേതാവ്. സിപിഎം ഏരിയാ കമ്മിറ്റി അംഗം ഇ എം ദയാനന്ദനാണ് വടകര ചോമ്പാല സ്റ്റേഷനിലെ സിപിഒ വിശ്വനാഥനെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. കാക്കി അഴിച്ചു മുന്നിൽ വന്നാൽ ചവിട്ടിക്കൂട്ടുമെന്നാണ് ഭീഷണി.
പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു സിപിഎം നേതാവ് പോലീസുകാരനെതിരെ ഭീഷണിയുമായി രംഗത്ത് എത്തിയത്. പുതുവത്സര ദിനത്തിൽ ആളുകളെ സംഘടിപ്പിച്ച് പരിപാടി നടത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ ഹേമന്ദിനെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ദയാനന്ദൻ ഭീഷണി മുഴക്കിയത്.
ഹേമന്ദിന്റെയും, വിശ്വനാഥന്റെയും പേരുകൾ പറഞ്ഞുകൊണ്ടായിരുന്നു ദയാനന്ദന്റെ ഭീഷണി. കാക്കിയുടെ അധികാരത്തിലാണ് നിങ്ങൾ ഹേമന്ദിനെ അറസ്റ്റ് ചെയ്തതെന്നും, യൂണിഫോം അഴിച്ചാൽ ചവിട്ടിക്കൂട്ടുമെന്നും ദയാനന്ദൻ പറഞ്ഞു. തന്തയ്ക്ക് പിറന്നവനാണെങ്കിൽ കാക്കി അഴിച്ചുവെച്ച് ഹേമന്ദിന് മുൻപിൽ വരണമെന്നും ദയാനന്ദൻ പ്രസംഗത്തിനിടെ വെല്ലുവിളിക്കുന്നുണ്ട്. ഹേമന്ദിന് നേരെ കയ്യോങ്ങിയാൽ കൈ ചവിട്ടിതിരിക്കും. മെയ്യഭ്യാസം പഠിച്ചയാളാണ് ഞാൻ. കളി ഇങ്ങോട്ട് വേണ്ട. തങ്ങൾക്ക് നേരെ കളിച്ചാൽ വീടെത്തില്ലെന്നും ദയാനന്ദൻ പ്രസംഗത്തിനിടെ ഭീഷണി മുഴക്കുന്നുണ്ട്.
Comments