ചെന്നിത്തല: കോണ്‍ഗ്രസിന്റെ പിന്തുണയില്‍ ഭരണം പിടിച്ച ചെന്നിത്തല പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റിയുടേ നിര്‍ദ്ദേശം. ചെന്നിത്തലയിലെ ബന്ധം സംസ്ഥാനത്തൊട്ടാകെ പാര്‍ട്ടിക്കെതിരായ വികാരം ഉണ്ടാക്കുന്നതായി വിലയിരുത്തിയാണ് നിര്‍ദ്ദേശം.
പാര്‍ട്ടി നയത്തിന് വിരുദ്ധമായ പ്രാദേശിക കൂട്ടുകെട്ടുകള്‍ തിരുത്തണമെന്ന അഭിപ്രായം കമ്മറ്റിയില്‍ ഉയര്‍ന്നു. സംസ്ഥാന കമ്മറ്റി അംഗമായ സജി ചെറിയാന്റെ നിലപാടും കമ്മറ്റിയില്‍ ചര്‍ച്ചയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്ഥലമായതിനാല്‍ ഇവിടുത്തെ സിപിഎം- കോണ്‍ഗ്രസ് ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ സ്വന്തം പാര്‍ട്ടിക്കുളളില്‍ നിന്നുപോലും ഉയര്‍ന്നതോടെ ഇരുകൂട്ടരും ഒരുപോലെ പ്രതിരോധത്തിലായി. ബിജെപിയും ഇതിനെതിരേ ശക്തമായി രംഗത്ത് വന്നിരുന്നു.
ബിജെപി അധികാരത്തില്‍ വരുന്നത് തടയാനാണ് എല്‍ഡിഎഫിനെ പിന്തുണച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. പ്രാദേശിക നേതൃത്വമാണ് തീരുമാനമെടുത്തതെന്നുമായിരുന്നു രമേശ് ചെന്നിത്തല ഇതിനോട് പ്രതികരിച്ചത്. പതിനെട്ടംഗ പഞ്ചായത്തില്‍ എന്‍ഡിഎയ്ക്ക് ആറും എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് ആറും സീറ്റുകളാണ് ഉളളത്. ഒരു സീറ്റില്‍ സ്വതന്ത്രനാണ് വിജയിച്ചത്.
Comments