ന്യൂഡൽഹി : വിദ്യാർത്ഥികൾക്കിടയിൽ ബഹിരാകാശ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി അടൽ ലാബുകൾ ഏറ്റെടുക്കാൻ തീരുമാനിച്ച് ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. രാജ്യത്തെ വിവിധയിടങ്ങളിലായി സ്ഥാപിച്ച നൂറ് ലാബുകളാണ് ഐഎസ്ആർഒ ഏറ്റെടുക്കുക. ഐഎസ്ആർഒ, അടൽ ഇന്നോവേഷൻ മിഷൻ, നീതി ആയോഗ് എന്നിവ സംയുക്തമായി ചേർന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. നിലവിൽ ബഹിരാകാശ മേഖലയുടെ പ്രോത്സാഹനത്തിനായി ഏഴായിരത്തോളം ലാബുകളാണ് രാജ്യത്തുള്ളത്.
വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര വിഷയങ്ങളോടുള്ള താത്പര്യം വർദ്ധിപ്പിക്കുകയും, ബഹിരാകാശ ഗവേഷണം പ്രോത്സാഹിപ്പിക്കുകയുമാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് 21ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ക്ലാസുകൾ നൽകും.
ഇലക്ട്രോണിക്സ്, ഭൗതിക ശാസ്ത്രം, ഒപ്ടിക്സ്, സ്പേസ് ടെക്നോളജി, മെറ്റീരിയൽ സയൻസ് തുടങ്ങി ബഹിരാകാശ വിദ്യാഭ്യാസത്തിനായുള്ള വിഷയങ്ങളിലും പ്രത്യേകം ക്ലാസുകൾ നൽകും. തിയറി ക്ലാസുകൾക്ക് പുറമേ പ്രായോഗിക പരിശീലനവും നൽകാനാണ് തീരുമാനം. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരും വിദ്യാർത്ഥികളുമായി സംവദിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
ബഹിരാകാശ മേഖലയിലെ പ്രോത്സാഹനത്തിനായി ഐഎസ്ആർഒയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ നീതി ആയോഗ് സിഈഒ സന്തോഷം പ്രകടിപ്പിച്ചു.
Comments